ഫാ. ജോസ്‌ മണിപ്പാറ അന്തരിച്ചു ::Syro Malabar News Updates ഫാ. ജോസ്‌ മണിപ്പാറ അന്തരിച്ചു

 

ഇരിട്ടി (കണ്ണൂര്‍): ജീവകാരുണ്യപ്രവര്‍ത്തകനും കര്‍ഷക സംഘടനാ ഐക്യവേദി സംസ്‌ഥാന ചെയര്‍മാനുമായ റവ. ഡോ. ജോസ്‌ മണിപ്പാറ(60) അന്തരിച്ചു. അദ്ദേഹംതന്നെ സ്‌ഥാപിച്ച എടൂരിലെ വൃദ്ധസദനമായ മൈത്രീ ഭവനില്‍ വച്ച്‌ ഇന്നലെ രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പതിനൊന്നേകാലോടെ അന്ത്യം സംഭവിച്ചു. സംസ്‌കാരം ഇന്നു രാവിലെ പതിനൊന്നിനു ഉളിക്കല്‍ മണിപ്പാറ സെന്റ്‌മേരീസ്‌ പള്ളിയില്‍. 
 
കര്‍ഷകരടക്കമുള്ള കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച കറകളഞ്ഞ നിസ്വാര്‍ഥനായ സാമൂഹ്യപ്രവര്‍ത്തകനായിരുന്നു റവ.ഡോ.ജോസ് മണിപ്പാറ. കര്‍ഷകപ്രശ്നങ്ങള്‍ ഏറ്റെടുത്ത് അതിനു പരിഹാരം കാണാന്‍ ഏതറ്റംവരെ പോകാനും അദ്ദേഹം തയാറായിരുന്നു. ഫാ.മണിപ്പാറ നേതൃത്വം കൊടുത്ത കര്‍ഷക സമരങ്ങള്‍ കേരളംമുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു. കര്‍ഷകരുടെ ഭൂമി ജപ്തിചെയ്യാനുള്ള നീക്കങ്ങളെ അദ്ദേഹം അതിശക്തമായി ചെറുത്തു. ഇതിന്റെ പേരില്‍ ജയില്‍വാസവും അനുഷ്ഠിക്കേണ്ടിവന്നു.
 
കാര്‍ഷികവിളകള്‍ക്കു വില കുറഞ്ഞപ്പോഴും കാലവര്‍ഷക്കെടുതിയില്‍ കാര്‍ഷികമേഖലയില്‍ നാശങ്ങള്‍ സംഭവിച്ചപ്പോഴും കൃഷിയിടങ്ങളില്‍ കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങള്‍ ഉണ്ടായപ്പോഴും ഫാ. മണിപ്പാറ തന്റെ തനതുശൈലിയില്‍ വ്യത്യസ്ത സമരമാര്‍ഗങ്ങളുമായി അധികാരികളുടെ ശ്രദ്ധയുണര്‍ത്തി. കാര്‍ഷികോത്പന്നങ്ങളുമായി അദ്ദേഹവും പ്രവര്‍ത്തകരും പലതവണ കണ്ണൂര്‍ കളക്ടറേറ്റിനു മുന്നില്‍ സമരത്തിനെത്തി. ജപ്തി ഭൂമിയില്‍ കൊടിനാട്ടി അധികാരികളെ ജപ്തിയില്‍നിന്നു പിന്തിരിപ്പിച്ചു. 
 
കര്‍ഷകര്‍ക്കും അവകാശങ്ങളുണ്െടന്നും അതു നേടിയെടുക്കാന്‍ സംഘടിക്കണമെന്നുമുള്ള ബോധമുണര്‍ത്താന്‍ ഫാ. മണിപ്പാറയ്ക്കും അദ്ദേഹം നേതൃത്വം കൊടുത്ത കര്‍ഷക സംഘടനയ്ക്കും സാധിച്ചു. കര്‍ഷക രക്ഷാസമിതിയെന്ന പേരില്‍ അദ്ദേഹം രൂപീകരിച്ച സംഘടനയുടെ നേതൃത്വത്തില്‍ ഒരുപാടു സമരങ്ങള്‍ നടന്നു. ജാഥകളും പദയാത്രകളും ധര്‍ണകളും ഉപരോധങ്ങളും അദ്ദേഹം സംഘടിപ്പിച്ചു. ഈ സമരങ്ങള്‍ മറ്റു കര്‍ഷക സംഘടനകളെയും കാര്‍ഷിക പ്രശ്നങ്ങള്‍ ഏറ്റെടുത്തു ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രേരിപ്പിച്ചു. സംസ്ഥാനതലത്തില്‍ കര്‍ഷക സംഘടനാ ഐക്യവേദി രൂപീകരിക്കാനും അദ്ദേഹം നേതൃത്വം കൊടുത്തു. 
 
1991 ലാണു ദേശീയ കര്‍ഷക രക്ഷാസമിതി സ്ഥാപിച്ചത്. 1994 ല്‍ കര്‍ഷക മഹിളാ സംഘത്തിനും രൂപം നല്കി. തളിപ്പറമ്പ് രജിസ്ട്രാര്‍ ഓഫീസിലെ അഴിമതിക്കെതിരേ നടത്തിയ സമരത്തില്‍ മര്‍ദനമേല്‍ക്കുകയും അറസ്റിലാവുകയും ചെയ്തു. ഏഴു ദിവസം കണ്ണൂര്‍ സബ്ജയിലില്‍ ഈ വൈദികനു കിടക്കേണ്ടിവന്നു. കര്‍ഷകരുടെ ഭൂമി അന്യായമായി ജപ്തിചെയ്ത നടപടിക്കെതിരേ തളിപ്പറമ്പ് കാര്‍ഷിക വികസന ബാങ്കിനുമുന്നില്‍ നടത്തിയ ഉപരോധ സമരത്തിനിടയിലും ഇദ്ദേഹത്തിനു മര്‍ദനമേറ്റു. അന്ന് അറസ്റിലായ ഫാ. മണിപ്പാറയ്ക്കു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 14 ദിവസമാണു തടവില്‍ കഴിയേണ്ടിവന്നത്. 
 
1994ല്‍ പയ്യാവൂര്‍ ഡിവിഷനില്‍നിന്നു കര്‍ഷക രക്ഷാസമിതിയുടെ പേരില്‍ ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ച അദ്ദേഹത്തിനു 3000 ത്തിലധികം വോട്ട് ലഭിച്ചു. തളിപ്പറമ്പില്‍ ടാഗോര്‍ പാരലല്‍ കോളജിന്റെ പ്രിന്‍സിപ്പലായും കുറച്ചുകാലം പ്രവര്‍ത്തിച്ചിരുന്നു. ഫാര്‍മേഴ്സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ രക്ഷാധികാരിയായിരുന്നു. 
 
കര്‍ഷക പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിനിടയില്‍തന്നെ മറ്റ് അവശ ജനവിഭാഗത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും അദ്ദേഹം മുഴുകി. പൊട്ടംപ്ളാവില്‍ സ്ഥാപിച്ച സച്ചിദാനന്ദാശ്രമത്തിനു കീഴില്‍ നിരവധി സ്ഥാപനങ്ങള്‍ ആരംഭിച്ചു. അഗതികളായ മുതിര്‍ന്ന പൌരന്മാര്‍ക്ക് അഭയം നല്കാനാണു മൈത്രീഭവന്‍ തുടങ്ങിയത്. ഭക്ഷണം, വസ്ത്രം, ചികിത്സ എന്നിവയും സ്നേഹപരിചരണവും വൃദ്ധജനങ്ങള്‍ക്ക് ഇവിടെ മതിവരുവോളം ലഭിച്ചു. സ്ത്രീകള്‍ക്കു മാത്രമായി ഒരു ശാഖ പെരുമ്പുന്നയിലും സ്ഥാപിച്ചു. 
 
അനാഥ കുട്ടികള്‍ക്കും ദരിദ്രഭവനങ്ങളിലെ കുട്ടികള്‍ക്കുമായിട്ടു സ്ഥാപിച്ച ചക്കരക്കുട്ടന്‍ ബാലസദനില്‍നിന്നു പഠിച്ചു നിരവധിപേരാണു ജീവിതത്തിന്റെ തിളങ്ങുന്ന മേഖലകളിലെത്തിയത്. ഹോമിയോ ചികിത്സ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സച്ചിദാനന്ദ ഹോമിയോ ക്ളിനിക്ക് മലയോര മേഖലയിലുള്ള പാവപ്പെട്ട രോഗികള്‍ക്കു വലിയൊരു ആശ്വാസമായി. 
 
ഡെങ്കിപ്പനി, എലിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഉണ്ടായപ്പോള്‍ മെഡിക്കല്‍ ക്യാമ്പുകളും മറ്റും സംഘടിപ്പിച്ച് ഫലപ്രദമായ ചികിത്സ ലഭ്യമാക്കാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞു. ദമ്പതികള്‍ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരംകണ്ടു കുടുംബങ്ങളെ തകര്‍ച്ചയില്‍നിന്നു രക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച സച്ചിദാനന്ദ ഫാമിലി കൌണ്‍സലിംഗ് സെന്റര്‍ ഒട്ടേറെപ്പേര്‍ക്കു രക്ഷാമാര്‍ഗമായി.
 
നോവല്‍, കഥ, കവിത, ജീവചരിത്രം തുടങ്ങി സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും കൈവച്ചു. ജീവിക്കുന്ന കണ്ണുകള്‍ (കഥ), രക്തപുഷ്പം (ജീവചരിത്രം), ചേരിയിലെ നീരുറവ (ജീവചരിത്രം), അസ്ഥിപുഷ്പം (ബാലനോവല്‍), സ്റെല്ലേ ആ പള്ളി പണികഴിഞ്ഞോ? (നോവല്‍), അലക്സ് എന്ന പെണ്‍കുട്ടി (കഥകള്‍), ദുഃഖവെള്ളി (കവിതാ സമാഹാരം), സുഭാഷിതങ്ങള്‍ (ജ്ഞാനസാഹിത്യം), പൂവാലന്‍ (ബാലനോവല്‍), അന്ത്യോദയ പെന്‍ഷന്‍ (ലേഖന സമാഹാരം), വര്‍ഗസംഘടനയിലൂടെ വര്‍ഗരാഷ്ട്രീയത്തിലേക്ക് (ലേഖനം), ആദാമിന്റെ പ്രേമഗാനം (ആധ്യാത്മികം), കൊഞ്ചന്മാരഞ്ചുപേര്‍ (ബാലകവിതകള്‍) തുടങ്ങിയവയാണു ഫാ. മണിപ്പാറയുടെ രചനകള്‍. നിരവധി പുസ്തകങ്ങളുടെ പണിപ്പുരയിലുമായിരുന്നു അദ്ദേഹം.
 

Attachments




Back to Top

Never miss an update from Syro-Malabar Church

Get notified about the latest news and updates.