ഈശോമിശിഹായില്‍ പ്രിയമുള്ള സഹോദരീസഹോദര•ാരേ,
അഭിവന്ദ്യ ജോര്‍ജ് പുന്നക്കോട്ടില്‍ പിതാവ് 1977 മുതല്‍ 2002 വരെ അവിഭക്ത കോതമംഗലം രൂപതയുടെയും അതിനുശേഷം ഇതുവരെ ഇപ്പോഴത്തെ കോതമംഗലം രൂപതയുടെയും പ്രധാന അജപാലകനായി 36 വര്‍ഷം ശുശ്രൂഷ ചെയ്യുകയായിരുന്നു. ഒരു ബൈബിള്‍ പണ്ഡിതനായിട്ടാണ് പ്രഥമതഃ പിതാവ് അറിയപ്പെടുന്നത്. ബൈബിള്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള പിതാവ് വൈദിക ശുശ്രൂഷയുടെ കാലത്ത് വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ പ്രൊഫസറായിരുന്നപ്പോഴും മെത്രാനാ യതിനു ശേഷവും ബൈബിളിലുള്ള പഠനങ്ങളും ഗവേഷണങ്ങളും തുടര്‍ന്നു കൊണ്ടിരുന്നു. ദൈവ വചനത്തിന്റെ സഭാപരവും ആരാധനക്രമപരവുമായ ആഭിമുഖ്യങ്ങള്‍ വ്യാഖ്യാനിക്കുന്നതില്‍ പിതാവിന് പ്രത്യേക വൈദഗ്ദ്ധ്യം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബൈബിള്‍ വിജ്ഞാനം ആനുകാലിക പ്രസക്തിയോടെ സഭയുടെ വളര്‍ച്ചയ്ക്ക് എല്ലാവിധത്തിലും ഉപകരിച്ചിട്ടുണ്ട്. അഭിവന്ദ്യപിതാവ് 32 വര്‍ഷത്തിലധികം കെ.സി.ബി.സി ബൈബിള്‍ കമ്മീഷന് ചെയര്‍മാനായും സേവനം ചെയ്തിട്ടുണ്ട്. ഈ കാലഘട്ടത്തിലാണ് കെ.സി.ബി.സി. ബൈബിള്‍ സൊസൈറ്റിയുടെ സ്ഥാപനം, പി.ഒ.സി. സമ്പൂര്‍ണ്ണ ബൈബിളിന്റെ തര്‍ജ്ജമയും പ്രസിദ്ധീകരണവും തുടങ്ങി പല സുത്യര്‍ഹ പ്രവര്‍ത്തനങ്ങളും ബൈബിള്‍ കമ്മീഷന്റെ നേതൃത്വത്തില്‍ നടന്നിട്ടുള്ളത്. സീറോ മലബാര്‍ സഭയുടെ സിനഡിലും കെ.സി.ബി.സി.യിലും സി.ബി.സി.ഐ.യിലും പിതാവിന്റെ ബൈബിള്‍ വിജ്ഞാനം സഭയ്ക്ക് പ്രയോജകീഭവിച്ചിട്ടുണ്ട്. 'ദൈവവചനം സഭയുടെ ജീവിതത്തിലും ദൌത്യത്തിലും' എന്ന വിഷയത്തില്‍ 2008-ല്‍ റോമില്‍ നടന്ന സിനഡില്‍ സീറോ മലബാര്‍ സിനഡ് തെരഞ്ഞെടുത്തയച്ച പ്രതിനിധിയായിരുന്നു പുന്നക്കോട്ടില്‍ പിതാവ്. കെ.സി.ബി.സി. പ്രസിഡന്റായും, സി.ബി.സി.ഐ. വൈസ് പ്രസിഡന്റായും പിതാവ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബൈബിളില്‍ മാത്രമല്ല, ദൈവശാസ്ത്രപരവും ആരാധനക്രമപരവുമായ വിഷയങ്ങളിലും പിതാവിന് അവഗാഹമുണ്ട്. സീറോ മലബാര്‍ സഭയുടെ ആരാധനക്രമത്തിനായുള്ള കമ്മീഷന് ചെയര്‍മാനായി 2008 മുതല്‍ സേവനം ചെയ്തുവരുന്ന പുന്നക്കോട്ടില്പിതാവ് മംഗലപ്പുഴ സെമിനാരി കമ്മീഷന് ചെയര്‍മാനായും ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ ചെയര്‍മാനായും സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചിട്ടുണ്ട്.
അടുത്തയിടെ ദീപിക ദിനപത്രത്തില്‍ പിതാവിന്റെ ജീവിതത്തെ പുരസ്കരിച്ച് 'വിശുദ്ധം സഫലം ധന്യം' എന്നൊരു ചുരുക്കെഴുത്തു കണ്ടു. ആ ലേഖകന്റെ വിലയിരുത്തല്‍ തികച്ചും പ്രസക്തമാണ്. ആദര്ശനിഷ്ഠയോടും നിഷ്പക്ഷതാമനോഭാവത്തോടും അജപാലനം നിര്‍വഹിക്കുന്നതില്‍ പിതാവ് ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ അജപാലനശുശ്രൂഷയുടെ വലിയൊരു വിജയമായിട്ടുവേണം ഇടുക്കി രൂപതയടെ സ്ഥാപനത്തെ കാണുവാന്‍. അദ്ദേഹത്തിന്റെ ശുശ്രൂഷാകാലം കോതമംഗലം രൂപതയില്‍ ആത്മിക അഭിവൃദ്ധിയും അജപാലനമുന്നേറ്റവും ഉണ്ടായി എന്നതാണ് വസ്തുത. വിദ്യാഭ്യാസ രംഗത്ത് പിതാവിന്റെ സേവനകാലത്തില്‍ രൂപത കൈവരിച്ച നേട്ടങ്ങള്‍ അനവധിയാണ്. ഭദ്രവും ശക്തവുമായ ഒരു ദൈവജന കൂട്ടായ്മയെയാണ് അഭിവന്ദ്യ പിതാവ് തന്റെ പിന്‍ഗാമിയെ ഭരമേല്പിക്കുന്നത്. തന്റെ ദീര്‍ഘ കാലത്തെ ശുശ്രൂഷയിലൂടെ അഭിവന്ദ്യ പിതാവ് സഭയ്ക്കും സമൂഹത്തിനും നല്കിയ സംഭാവനകള്‍ക്ക് സഭയുടെ പേരില്‍ പ്രത്യേകിച്ച്, സീറോ മലബാര്‍ സഭയുടെ പേരില്‍ അദ്ദേഹത്തിന് ഞാന്‍ അനുമോദനങ്ങള്‍ നേരുകയും കൃതജ്ഞതയര്‍പ്പിക്കുകയും ചെയ്യുന്നു. പൂര്‍ണ്ണ ആരോഗ്യവാനായ പിതാവിന്റെ ഇനിയുള്ള കാലത്തെ സേവനങ്ങളും സഭയേയും സമൂഹത്തേയും ധന്യമാക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഇപ്പോള്‍ അഭിഷിക്തനായിരിക്കുന്ന അഭിവന്ദ്യ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പിതാവിന് എന്റെ അഭിനന്ദനങ്ങള്‍! പുതിയ പിതാവിന്റെ ജ്ഞാനവും വിശുദ്ധിയും അജപാലനാഭിമുഖ്യങ്ങളും കോതമംഗലം രൂപതയെ ഇനിയും വളര്‍ച്ചയിലേക്കും ആത്മീയ പുരോഗതിയിലേക്കും നയിക്കുമാറാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. കോതമംഗലം രൂപതയിലെ അഭിവന്ദ്യ പിതാക്ക•ാര്‍ക്കും വൈദിക സഹോദര•ാര്‍ക്കും സമര്‍പ്പിത സഹോദരീസഹോദര•ാര്‍ക്കും അല്മായജനം മുഴുവനും എന്റെ സ്നേഹനിര്‍ഭരമായ പ്രാര്‍ത്ഥനാശംസകള്‍ നേരുന്നു. കാരുണ്യവാനായ കര്‍ത്താവ് നിങ്ങളെ ഏവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.